ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ
കരിപ്പൂർ |* കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടുന്ന പ്രവൃത്തി അവസാനഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ പകൽ സമയം റൺവേ അടച്ചിട്ട് ജോലി പൂർത്തിയാക്കാൻ തീരുമാനം.
വിമാന സർവീസുകളുടെ നിയന്ത്രണം നവംബർ 15-ന് ശേഷമായിരിക്കും വേണ്ടിവരികയെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം മൂന്ന് മാസത്തോളം ഭാഗികമായി റൺവേ അടച്ചിടാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കൃത്യമായ തീയതിയും ഇതുമായി ബന്ധപ്പെട്ട നോട്ടാമും (നോട്ടീസ് ടു എയർമെൻ) വിമാനക്കമ്പനി പ്രതിനിധികളുമായുള്ള ചർച്ചകൾക്ക് ശേഷം എയർപോർട്ട് അതോറിറ്റിയുടെ ഡൽഹി ആസ്ഥാനത്തുനിന്ന് ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം.
റൺവേയുടെ രണ്ടറ്റങ്ങളിലും മണ്ണുനിറച്ച് സുരക്ഷാ പ്രതലം 150 മീറ്റർ വീതം നീളം കൂട്ടുന്ന പ്രവൃത്തിയാണ് നിലവിൽ പുരോഗമിക്കുന്നത്. നിലവിലുള്ള 90 മീറ്റർ റെസ 240 മീറ്ററാക്കി വർധിപ്പിക്കുന്ന ജോലികൾ അവസാനഘട്ടത്തിലെത്തിനിൽക്കുന്നു. പ്രവൃത്തികൾക്കായി ടിപ്പർ ലോറികളും മറ്റ് യന്ത്രസാമഗ്രികളും റൺവേയുടെ നിരപ്പിലേക്ക് എത്തേണ്ടതുള്ളതിനാൽ വിമാന സർവീസുകളുടെ സുരക്ഷ കണക്കിലെടുത്താണ് ദിവസവും ഏതാനും മണിക്കൂറുകൾ റൺവേ അടച്ചിടാൻ തീരുമാനിച്ചത്.
പകൽ സമയം ഏകദേശം 4 മുതൽ 6 മണിക്കൂർ വരെ നിർമാണ ജോലികൾ നടത്താനാണ് പ്രാഥമിക യോഗത്തിലെ ധാരണ. കരിപ്പൂരിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം വിമാനങ്ങളുടെ ലാൻഡിങ്ങും ടേക്ക് ഓഫും കുറവായതിനാൽ ഈ സമയത്തെ സർവീസുകൾ മറ്റ് സമയങ്ങളിലേക്ക് മാറ്റുന്ന കാര്യത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്.
കരിപ്പൂരിലെ സമയമാറ്റം മറ്റ് വിമാനത്താവളങ്ങളിലെയും ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളെ ബാധിക്കുമെന്നതിനാൽ ഡൽഹി കേന്ദ്രം വിഷയം വിശദമായി പരിശോധിച്ച് വരികയാണ്.
2027 മാർച്ചിന് മുൻപായി റെസ വിപുലീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും മലബാർ മേഖലയിലെ യാത്രക്കാരും.
Comments
Post a Comment