ബാങ്ക് പണിമുടക്കില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സൗജന്യ പരിധി കഴിഞ്ഞാലും എടിഎം ചാര്‍ജ് ഈടാക്കില്ലെന്ന് പൊതുമേഖലാ ബാങ്കുകള്‍
ന്യൂഡല്‍ഹി : സെപ്റ്റംബർ 28 മുതല്‍ 30 വരെ നടക്കാൻ സാധ്യതയുള്ള മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്, പൊതുമേഖലാ ബാങ്കുകള്‍ എടിഎം ഉപഭോക്താക്കള്‍ക്കായി സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ചു.
പണിമുടക്ക് ദിനങ്ങളില്‍ നിശ്ചിത സൗജന്യ പരിധിക്ക് മുകളിലുള്ള എടിഎം ഇടപാടുകള്‍ക്ക് പ്രത്യേക ചാർജുകള്‍ ഒന്നും ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB), ബാങ്ക് ഓഫ് ബറോഡ (BoB), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആർ.ബി.ഐയുടെ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്, സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റ് പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകളുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സെപ്റ്റംബർ 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഏതൊരു ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അധിക നിരക്കുകള്‍ ഈടാക്കില്ല. ഇത് പണിമുടക്ക് സമയത്ത് ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ പണം പിൻവലിക്കാൻ സഹായകമാകും.
ഡിജിറ്റല്‍ മാർഗങ്ങള്‍ പ്രയോജനപ്പെടുത്തണം :
പണിമുടക്ക് കാരണം ഉണ്ടാകാവുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാൻ, സെപ്റ്റംബർ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകള്‍ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, അടിയന്തിര ബാങ്കിംഗ് ഇടപാടുകള്‍ പണിമുടക്കിന് മുൻപായി പൂർത്തിയാക്കാനും യോനോ (YONO), ഇൻ്റർനെറ്റ്/മൊബൈല്‍ ബാങ്കിംഗ്, യു.പി.ഐ (UPI) തുടങ്ങിയ ഡിജിറ്റല്‍ മാർഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
റീജിയണല്‍ റൂറല്‍ ബാങ്കുകളും പണിമുടക്കില്‍ പങ്കാളികളാകുന്നുണ്ട്; എന്നാല്‍ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് തുടങ്ങിയ പുതിയ തലമുറ സ്വകാര്യ ബാങ്കുകള്‍ സാധാരണ നിലയില്‍ പ്രവർത്തിക്കും. സമരം ഒഴിവാക്കി ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ധനമന്ത്രാലയം ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പണിമുടക്കിന്റെ കാരണങ്ങളും ബാങ്ക് സേവനങ്ങളും:
ബാങ്കിംഗ് മേഖലയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തിവാരം നടപ്പിലാക്കുക, പെൻഷൻ പരിഷ്കരിക്കുക, എല്ലാ പെൻഷൻകാർക്കും ഏകീകൃത ക്ഷാമബത്ത (DA) അനുവദിക്കുക, നാഷണല്‍ പെൻഷൻ സിസ്റ്റത്തിന് (NPS) പകരം പഴയ പെൻഷൻ സ്കീം (OPS) തിരഞ്ഞെടുക്കാൻ അവസരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്. ബാങ്ക് ജീവനക്കാരുടെ 90 ശതമാനത്തോളം പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) നേതൃത്വത്തിലാണ് ഈ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്

Comments
Post a Comment