കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
കോടതി നിർദേശത്തെ തുടർന്ന് ഖനന പ്രവർത്തനങ്ങള്‍ താത്കാലികമായി നിർത്തിവെച്ചിരുന്നെങ്കിലും, ഖനനം നടന്ന സ്ഥലങ്ങള്‍ ഇതുവരെ പൂർവസ്ഥിതിയിലാക്കാത്തതാണ് ആശങ്കയ്ക്ക് കാരണം.
മുടക്കോഴിമലയുടെ താഴ്‌വാര മേഖലകളില്‍ താമസിക്കുന്നവരാണ് മഴക്കാലത്ത് കൂടുതല്‍ ഭീതിയിലാകുന്നത്. ശക്തമായ മഴ പെയ്യുമ്പോള്‍ ഖനനക്കുഴികളില്‍ വലിയ തോതില്‍ വെള്ളം ശേഖരിക്കുകയും മലയുടെ വിവിധ ഭാഗങ്ങളിലൂടെ വെള്ളം താഴേക്കുള്ള പ്രദേശങ്ങളിലേക്ക് ശക്തമായി ഒഴുകിയെത്തുകയും ചെയ്യുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇത് സമീപവാസികള്‍ക്കും കൃഷിയിടങ്ങള്‍ക്കും അപകടസാധ്യത സൃഷ്ടിക്കുന്നതായും അവർ ആശങ്ക പ്രകടിപ്പിച്ചു.
പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആരിഫ്, വൈസ് പ്രസിഡന്റ് എം.കെ. നൗഷാദ്, വാഴക്കാട് വില്ലേജ് ഓഫീസർ മനോജ് കുമാർ, സാമൂഹിക പ്രവർത്തകൻ അല്‍ജമാല്‍ നാസർ, വി.എ. റഷീദ് എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഖനനക്കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും മഴവെള്ളം മലയില്‍നിന്ന് താഴേക്കൊഴുകുന്നതും സംഘം നേരില്‍ പരിശോധിച്ചു. തുടർന്ന് ഖനന ഉടമയെ ഫോണില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മനോജ് കുമാർ, ഖനനം നടത്തിയ സ്ഥലങ്ങളിലെ കുഴികള്‍ എത്രയും വേഗം മണ്ണിട്ട് നികത്തി പൂർവസ്ഥിതിയിലാക്കാൻ നിർദേശം നല്‍കിയതായി അറിയിച്ചു. മഴക്കാലത്ത് അപകടസാധ്യത ഒഴിവാക്കാൻ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഖനനം നടന്ന പ്രദേശങ്ങള്‍ പൂർവസ്ഥിതിയിലാക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നേരത്തെ നിരവധി ഖനന ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും, നടപടികള്‍ കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഖനനസ്ഥലങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നിരീക്ഷണക്കുറവും അനാസ്ഥയുമാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും നാട്ടുകാർ ആരോപിച്ചു.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഖനനക്കുഴികളില്‍ കൂടുതല്‍ വെള്ളം ശേഖരിക്കാനും മലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വെള്ളം താഴ്‌വാരങ്ങളിലേക്ക് കുത്തിയൊഴുകാനും സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. അപകടസാധ്യത കണക്കിലെടുത്ത് ഖനനക്കുഴികള്‍ അടിയന്തരമായി മണ്ണിട്ട് നികത്തി പ്രദേശം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Comments
Post a Comment