കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ലൈഫ് ജാക്കറ്റ് ഊരി നല്‍കി മരണത്തിലേക്ക് ഒഴുകിപ്പോയ രാജേഷിന്റെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടി ചെറുപുഴ

സ്വന്തം ജീവന്‍ നല്‍കി മറ്റൊരു പ്രാണനെ കാത്തു; ലൈഫ് ജാക്കറ്റ് ബെന്നിക്ക് ഊരി നല്‍കി മരണത്തിലേക്ക് ഒഴുകിപ്പോയ രാജേഷിന്റെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടി ചെറുപുഴ; നടുക്കം മാറാതെ ജനങ്ങള്‍;


കണ്ണൂര്‍:  കലിതുള്ളിപ്പെയ്ത പ്രളയജലത്തില്‍ അകപ്പെട്ട ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം 'ലൈഫ് ജാക്കറ്റ്' ഊരിനല്‍കി മരണത്തിന്റെ ആഴങ്ങളിലേക്ക് ഒലിച്ചുപോയ ആര്‍.രാജേഷ് എന്ന ആ ധീരയുവാവിന്റെ ഓര്‍മ്മയില്‍ തേങ്ങുകയാണ് കണ്ണൂരിലെ ചെറുപുഴ. തിരുവനന്തപുരം നേമം കല്ലിയൂര്‍ കിഴക്കേതെറ്റിവിള രാജേഷ്ഭവനില്‍ ആര്‍. രാജേഷാണ് (36) നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി ദുരന്ത രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ വെടിഞ്ഞത്.

പുളിങ്ങോം മീന്തുള്ളിയില്‍ കലിതുള്ളിയൊഴുകിയ പുഴയ്ക്കും കര്‍ണാടക വനത്തിനുമിടയിലെ കൃഷിയിടത്തില്‍ മരണത്തെ മുഖാമുഖം കണ്ടു നിന്ന കോലുവള്ളിയിലെ ശബനിയില്‍ ബെന്നിയെ (61) രക്ഷിച്ചെടുക്കുന്നതിനിടെയാണ് രക്ഷാപ്രവര്‍ത്തന പരിശീലകന്‍ കൂടിയായ രാജേഷ് ഒഴുക്കില്‍പ്പെട്ട് ദാരുണമായി മരിച്ചത്. തന്നെ ജീവിതത്തിലേക്ക് തിരികെ മടക്കിവിട്ട്, സ്വന്തം ആയുസ്സ് മറ്റൊരാള്‍ക്ക് വെച്ചുനീട്ടിയാണ് ആ ധീരനായ ചെറുപ്പക്കാരന്‍ മറഞ്ഞതെന്നത് നടുക്കത്തോടെ മാത്രമാണ് ബെന്നിക്കും നാട്ടുകാര്‍ക്കും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നത്.

ആഗസ്റ്റ് ഒന്നിന് വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു നാടിനെ വിറപ്പിച്ച സംഭവം. കരകവിഞ്ഞൊഴുകുന്ന മീന്തുള്ളി തുരുത്തില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സാഹസിക കായിക ഇനങ്ങളുടെ പരിശീലകനായ രാജേഷിനും സുഹൃത്തുക്കള്‍ക്കും വിവരം ലഭിക്കുകയായിരുന്നു. ഒട്ടും സമയം കളയാതെ, വെള്ളച്ചാട്ടത്തില്‍ റാപ്പലിങ്ങിന് ഉപയോഗിക്കുന്ന റോപ്പും എടുത്ത് സ്വന്തം ലൈഫ് ജാക്കറ്റും ധരിച്ച്‌ രാജേഷും സുഹൃത്ത് മനുവും ആളിക്കത്തുന്ന പ്രളയജലത്തിലേക്ക് ഇറങ്ങി.

മീന്തുള്ളി തുരുത്തിലെ കൃഷിയിടത്തില്‍ മോട്ടോര്‍ വെക്കാന്‍ പോയതായിരുന്നു 61-കാരനായ ബെന്നി. ഇതിനിടയിലാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടെന്ന് തുരുത്തില്‍ വെള്ളം കയറിയത്. കരയിലേക്ക് തിരികെ വരാനാകാതെ വെള്ളം കഴുത്തൊപ്പം ഉയര്‍ന്നപ്പോള്‍ സമീപത്തെ ഒരു തെങ്ങില്‍ പിടിച്ച്‌ മരണത്തെ ഭയന്ന് നിലവിളിക്കുകയായിരുന്നു ബെന്നി.

എന്നാല്‍, ഒട്ടും മടിക്കാതെ രാജേഷും മനുവും ബെന്നിയുടെ അടുത്തേക്ക് കുതിച്ചെത്തി. വടം തെങ്ങില്‍ ബന്ധിച്ച ശേഷം, സ്വന്തം സുരക്ഷ പോലും നോക്കാതെ രാജേഷ് താന്‍ ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് അഴിച്ച്‌ ബെന്നിയെ ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മനുവിനൊപ്പം ബെന്നിയെ സുരക്ഷിതമായി മറുകരയിലേക്ക് കടത്തിവിട്ടു. ബെന്നിയും മനുവും സുരക്ഷിതമായി കരയിലെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നീന്തല്‍ വിദഗ്ദ്ധന്‍ കൂടിയായ രാജേഷ് പുഴ മുറിച്ചുകടക്കാന്‍ തുടങ്ങിയത്.

റോപ്പില്‍ പിടിച്ച്‌ തിരികെ നീന്തുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ ശക്തമായ മലവെള്ളപ്പാച്ചിലില്‍ രാജേഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന മനു വടം പരമാവധി ശക്തിയായി പിടിച്ച്‌ രാജേഷിനെ കരയിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ശക്തമായ ഒഴുക്കിന്റെ ആഘാതത്തില്‍ റോപ്പും രാജേഷും തമ്മിലുള്ള പിടുത്തം വിട്ടുപോവുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ആ ധീരയുവാവ് പ്രളയജലത്തിന്റെ കയങ്ങളിലേക്ക് താണുപോയി.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മീന്തുള്ളി വെള്ളച്ചാട്ടത്തില്‍ നടക്കാറുള്ള റാപ്പലിങ് എന്ന സാഹസിക വിനോദത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ഇന്‍സ്ട്രക്ടറായി രാജേഷ് ചെറുപുഴയിലെത്തിയത്. ത്രോബോള്‍ ദേശീയ ടീം അംഗം കൂടിയായിരുന്നു ഈ തിരുവനന്തപുരം സ്വദേശി. കനത്ത മഴയെ തുടര്‍ന്ന് റാപ്പലിങ് നിര്‍ത്തിവെച്ചതോടെയാണ്, സമീപത്തെ പുഴയില്‍ വെള്ളം ഉയര്‍ന്ന് നാട്ടുകാര്‍ ദുരിതത്തിലായപ്പോള്‍ മുന്നും പിന്നും നോക്കാതെ രാജേഷ് രക്ഷാപ്രവര്‍ത്തനത്തിനായി ചാടിയിറങ്ങിയത്.

സ്വന്തം പ്രാണന്‍ നല്‍കി മറ്റൊരു ജീവന്‍ രക്ഷിച്ച രാജേഷിന്റെ വേര്‍പാടില്‍ നടുങ്ങിനില്‍ക്കുകയാണ് നാടൊട്ടുക്കും. രാജേഷിന്റെ വിയോഗത്തില്‍ ശശി തരൂര്‍ എംപി അടക്കമുള്ളവര്‍ അനുശോചിച്ചു. രാജേഷിനെ കാണാതായപ്പോള്‍ തരൂര്‍ ഇതേക്കുറിച്ച്‌ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അസാമാന്യമായ ധീരത കാട്ടിയ ശേഷം, ഞാന്‍ പരിചയപ്പെട്ട രാജേഷ് എന്ന യുവാവിനെ കാണാതായിരിക്കുന്നു. ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആളുടെ ജീവന്‍ രക്ഷിക്കാനായി അവന്‍ താന്‍ ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് അഴിച്ചു നല്‍കുകയായിരുന്നു. തുടര്‍ന്ന് അവന്‍ ആ കലിതുള്ളുന്ന പ്രളയജലത്തിന്റെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി. മറ്റൊരാളുടെ ജീവന്‍ അവന്‍ രക്ഷിച്ചുവെങ്കിലും, സ്വന്തം ജീവന്‍ അതിനായി അവന് ബലികൊടുക്കേണ്ടി വന്നോ എന്ന് ഭയപ്പെടുന്നു- എന്നായിരുന്നു തരൂരിന്റെ കുറിപ്പ്.

രാജേഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. രാജശേഖരന്‍-ഗീത ദമ്പതികളുടെ മകനാണ് രാജേഷ്. ഭാര്യ: ഷാഫിയ. മക്കള്‍: ആര്‍ഷന്‍, അഭിഷേക്.

 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.