കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
കേരളം : വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ നോക്കിയിരുന്നവരാണ് കേരളത്തിലെ വണ്ടിഭ്രാന്തൻമാർ. അതിന്റെ പ്രധാന കാരണം ചെറുപ്പക്കാർ ആവശ്യപ്പെട്ട വാഹന മോഡിഫിക്കേഷൻ നിയമാനുസൃതമാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.
എന്നാല്‍ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശ പുറത്ത് വന്നതോടെ ജെന്‍സികള്‍ക്ക് നിരാശ. പിന്നാലേ UDF സര്‍ക്കാറിനേയും മുഖ്യമന്ത്രി വി.ഡി സതീശനേയും പരിഹസിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം .
മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ പ്രഖ്യാപനത്തില്‍ ജെന്‍സികള്‍ കാത്തിരുന്ന പലതും മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശയില്‍ ഇല്ല. നിലവില്‍ 18 തരത്തിലുള്ള മോഡിഫിക്കേഷന്‍സ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്നാണ് എംവിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇതില്‍ പലതും നേരത്തെ തന്നെ കേരളത്തില്‍ അനുവദനീയമായവയാണ് എന്നതാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം.
സ്ട്രക്ചറല്‍ ഓള്‍ട്ടേറഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ എംവിഡിയുടെ നിര്‍ദേശങ്ങളില്‍ ഇല്ല. മോഡിഫിക്കേഷന്‍ പ്രേമികള്‍ കാത്തിരുന്ന ബോഡി മോഡിഫിക്കേഷനോ സൈലന്‍സറുകള്‍ക്കോ ടയറുകള്‍ക്കോ രൂപമാറ്റം വരുത്താമെന്ന ഒരു നിര്‍ദേശങ്ങളും ലിസ്റ്റില്‍ ഇല്ല. ഓള്‍ട്ടറേഷന്‍ ഉള്‍പ്പെടുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 പരാമര്‍ശിക്കാതെയുള്ള റിപ്പോര്‍ട്ടാണ് നിലവില്‍ എംവിഡി മുഖ്യമന്ത്രിക്ക് കൈമാറാന്‍ പോകുന്നത്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിന് ശേഷം വാർത്താ സമ്മേളനത്തില്‍ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള വിഡി സതീശന്റെ റീയാക്ഷനും സോഷ്യല്‍ മീഡിയയില്‍ ട്രെൻഡായിരുന്നു.
പക്ഷെ ഇപ്പോള്‍ വാഹനങ്ങളില്‍ 18 തരം മോഡിഫിക്കേഷനുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള പുതിയ സർക്കാർ റിപ്പോർട്ടിന് സോഷ്യല്‍ മീഡിയയില്‍ ദിനം പ്രതി ട്രോളുകളുടെ പൂരമാണ്.
സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പടെ പതിനെട്ട് തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണറുടെ റിപ്പോര്‍ട്ട്. മുഴുവൻ വായിച്ച് ഇത് എംവിഡി ആക്കിയതാണോയെന്ന് പലരുടേയും സംശയം. മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം ഇങ്ങനെയായിരിക്കുമെന്ന് വണ്ടിഭ്രാന്തൻമാർ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല.
അനുമതി കൂടാതെ ചെയ്യാൻ കഴിയുന്ന 18 തരം മോഡിഫിക്കേഷനുകള്‍ എന്തൊക്കെയാണെന്ന് നോക്കിയാലോ? സീറ്റ് കവര്‍, ഫ്ലോർ മാറ്റ്, സ്റ്റിയറിംഗ് വീല്‍ കവര്‍, ക്രോം ഗാര്‍ണിഷ്, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ളാപ്പുകള്‍, ബോഡി സ്റ്റിക്കറുകള്‍, ഇന്റീരിയര്‍ ആമ്പിയന്റ് ലൈറ്റിംഗ്, ഡാഷ് ക്യാമറ, റിവേഴ്‌സ് ക്യാമറ, പാര്‍ക്കിംഗ് സെന്‍സര്‍, ജിപിഎസ് ട്രാക്കര്‍, ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം എന്നിവയാണ് നിയമപരമായി നടത്താനാവുന്ന ആദ്യത്തെ 13 മോഡിഫിക്കേഷനുകള്‍.
ഇതുകൂടാതെ അഡീഷണല്‍ സ്പീക്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ടോ ഹുക്കുകള്‍, റൂഫ് കാരിയറുകള്‍, 50 ശതമാനം സുതാര്യമായ സണ്‍ ഫിലിം എന്നിവയും വാഹനങ്ങളില്‍ അനുമതി ഇല്ലാതെ ചെയ്യാൻ കഴിയുന്ന മോഡിഫിക്കേഷനുകളായി റിപ്പോർട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്റ്റിക്കറുകള്‍ മാന്യമായവയാകണം എന്നും പ്രത്യേകം നിർദേശമുണ്ട് കേട്ടോ. വാഹനത്തിന്റെ നിറം മാറ്റം ഉള്‍പ്പെടെയുള്ള മോഡിഫിക്കേഷനുകള്‍ക്കാണ് പ്രത്യേക അനുമതി വേണ്ടത്.
ഫീസ് അടച്ച് പ്രത്യേക അനുമതിയോടെ വാഹനങ്ങളുടെ കളർ മാറ്റാൻ സാധിക്കും. എന്നാല്‍ ഇത് ആർസിയില്‍ രേഖപ്പെടുത്തണം. കൂടാതെ എല്‍പിജി അല്ലെങ്കില്‍ സിഎൻജി കിറ്റ് വെക്കുന്നത്, ഭിന്നശേഷി സൗഹൃദ വാഹനമാക്കുന്നത്, ഇലക്‌ട്രിക് ആക്കി മാറ്റുന്നത്, എഞ്ചിൻ മാറ്റുന്നത്, ഷാസി ഫ്രെയിം മാറ്റുന്നത് എന്നിവയും പ്രത്യേക അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളാണ്. ഇവയും ആർസിയില്‍ രേഖപ്പെടുത്തേണ്ടതാണ്.
'പൂക്കി' മുഖ്യമന്ത്രിയെ ട്രോളി ജെന്‍സികള്‍:
എന്തായാലും സംഭവം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിട്ടുണ്ട്. സീറ്റ് കവർ അനുമതി തന്നതിന് സിഎമ്മിന് ഒരുപാട് നന്ദി, മരിച്ചാലും മറക്കില്ലെന്നും, കൂടാതെ മഴയത്ത് വൈപ്പർ ഇടുന്നതിനും രാത്രിസമയങ്ങളില്‍ ഹെഡ്‌ലൈറ്റ് ഉപയോഗിക്കുന്നതിനും തടസമില്ല പോലുള്ള കമന്റുകളാല്‍ ട്രോളുകള്‍ നിറയുകയാണ്. പ്രതീക്ഷ നിരാശയിലേക്ക് മൊറിയതോടെ നേരത്തെ മുഖ്യമന്ത്രിക്ക് വലിയ പിന്തുണ നല്‍കിയിരുന്ന പല ജെന്‍സികളും വീഡിയോ കണ്ടന്‍റേഴ്‌സും ട്രോള്‍ റീലുകളുമായി പ്രതികരിക്കുകയാണ് ഇപ്പോള്‍.
''അപ്പോ സീറ്റ് കവർ ഒക്കെ ഇട്ട് ഇത്രയും നാളും ഞാൻ വണ്ടി ഓടിച്ചത് തെറ്റായിരുന്നോ, എന്തൊരു മഹാ പാപിയാണ് ഞാൻ ''എന്നൊക്കേയുളള രസകരമായ കമന്‍റുകളാണ് എല്ലായിടത്തും. എന്തായാലും ഇതിനോട് എങ്ങനെ യുഡിഎഫ് സർക്കാരും മുഖ്യമന്ത്രി വിഡി സതീശനും പ്രതികരിക്കുക എന്നത് അടുത്ത മണിക്കൂറില്‍ അറിയാൻ കഴിയും. എന്തായാലും മുഖ്യൻ മോഡിഫിക്കേഷന് പിന്തുണ നല്‍കുന്നുണ്ടെങ്കിലും കേന്ദ്ര മോട്ടോർവാഹന നിയമവും സുപ്രീംകോടതിയും ഹൈക്കോടതിയുമൊന്നും ഇക്കാര്യത്തില്‍ ഒപ്പമല്ലെന്നതാണ് രസകരമായ കാര്യം.
വാഹനനിർമാതാക്കള്‍ അനുവദിക്കുന്നതിനപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കാനാകില്ലെന്നാണ് 1988-ലെ മോട്ടോർവാഹന നിയമം വകുപ്പ് 52-ല്‍ പറയുന്നത്. കേരള മോട്ടോർവാഹന ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങളിലെ രൂപമാറ്റത്തിന് അനുമതിനല്‍കിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് തള്ളി 2019-ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇക്കാര്യത്തില്‍ നിർണായകം.
വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍ റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമാണ് റിപ്പോർട്ടില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. എന്തായാലും ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഉടൻ തന്നെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
Comments
Post a Comment