അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ


 കോയമ്പത്തൂർ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി.

കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് കരുമത്തംപട്ടി പൊലീസ് വാഹനവും ആംബുലൻസും കാറിന് പിന്നാലെ പാഞ്ഞു. കരുമത്തംപട്ടിയില്‍ നിന്നും സംഘം രക്ഷപ്പെട്ടതോടെ അവിനാശി സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടർന്ന് അവിടത്തെ പൊലീസുകാർ കാറിനെ പിന്തുടർന്നു. 40 കിലോമീറ്ററോളം പിന്നിട്ട വാഹനത്തെ അവിനാശിയിലെ അന്നപൂർണ ഹോട്ടലിന് സമീപം വച്ച്‌ ആംബുലൻസും പൊലീസ് വാഹനങ്ങളും ചേർന്ന് വളഞ്ഞു.

കാറിലുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടുവെങ്കിലും ഒരാള്‍ പൊലീസിന്റെ പിടിയിലായി. തുടർന്ന് നടത്തിയ തെരച്ചിലില്‍ മറ്റ് രണ്ടുപേരും വൈകാതെ തന്നെ അറസ്റ്റിലായി. പ്രതികള്‍ രാജസ്ഥാൻ സ്വദേശികളാണ്. 300 കിലോഗ്രാം നിരോധിക്കപ്പെട്ട ഗുട്‌കയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളും കാറില്‍ നിന്ന് കണ്ടെത്തി. ബംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്കാണ് സംഘം ലഹരി കടത്താൻ ശ്രമിച്ചത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.