അടുക്കളയിലെ താളം തെറ്റിച്ച് കത്തിക്കയറി പച്ചക്കറി വില കുതിച്ചുയരുന്നു
തിരുവനന്തപുരം: അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് പച്ചക്കറിവില കുതിച്ചുയരുന്നു. സാധാരണക്കാർ നിത്യജീവിതത്തിൽ ഏറെ ആശ്രയിക്കുന്ന ബീൻസും പയറും ചെറിയ ഉള്ളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് പൊള്ളുന്ന വിലയാണ് നിലവിലുള്ളത്. ബീൻസിനും പയറിനും വില കിലോയ്ക്ക് 100 രൂപ കടന്നു. ചെറിയ ഉള്ളിയും നൂറുതൊട്ടു. വെളുത്തുള്ളിയുടെ വിലയാകട്ടെ 220 രൂപയായി ഉയർന്നു. ഒരുമാസത്തിനിടെ പലതവണ വില വർധിച്ചതോടെ പച്ചക്കറി വാങ്ങാൻപോലും കൂടുതൽ പണം ചെലവഴിക്കേണ്ട സ്ഥിതിയിലാണ് ഉപഭോക്താക്കൾ. ഉത്സവകാലമല്ലാതിരുന്നിട്ടും പച്ചക്കറികൾക്ക് വില ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്. പച്ചക്കറികളുടെ വിലയിൽ രണ്ടാഴ്ചയ്ക്കിടെതന്നെ വലിയ വർധനയുണ്ടായി. ബീൻസിന് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 രൂപയുമാണ് കിലോയ്ക്ക് കൂടിയത്. പച്ചക്കറിയുടെ വലുപ്പവും ഗുണനിലവാരവും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടെങ്കിലും പൊതുവേ വിലക്കയറ്റത്തിന്റെ ഭാരം ഉപഭോക്താക്കൾക്ക് ഒരുപോലെയാണ്. കേരളത്തിലെ വിപണികളിലേക്ക് എത്തുന്ന പച്ചക്കറികളിൽ വലിയൊരു പങ്കും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളതാണ്. ഈ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവും മഴക്കെടുത...

Comments
Post a Comment